Foto

ബിഷപ്പ് ജെറോം ഫെര്‍ണാണ്ടസ് ദൈവദാസ പദവിയിലേക്ക്

കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ്പ് ജെറോം ഫെര്‍ണാണ്ടസിനെ ഫെബ്രുവരി 24ന് ദൈവദാസനായി പ്രഖ്യാപിക്കും. ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തുന്ന വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ സംഘത്തിന്റെ പ്രത്യേക കത്ത് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരിക്കു ലഭിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ബിഷപ്‌സ് ഹൗസില്‍ വിളിച്ചുചേര്‍ത്ത രൂപതയിലെ വൈദികരുടെ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1937 മുതല്‍ 1978 വരെ ഭാരതത്തിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ ആത്മീയ ഭൗതിക ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കാന്‍ നിയോഗം ലഭിച്ച വ്യക്തിയാണ് ബിഷപ്പ് ജെറോം.

കഴിഞ്ഞ 25 വര്‍ഷമായി ബിഷപ്പ് ജെറോമിനെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കൊല്ലത്തെ ക്രൈസ്തവ സമൂഹം സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതു സ്വീകരിച്ച് 2017 സെപ്റ്റംബര്‍ എട്ടിന് ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍ വിശുദ്ധ നാമകരണ നടപടികളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ച് റവ.ഡോ.ബൈജു ജൂലിയാനെ പോസ്റ്റുലേറ്ററായി നിയോഗിച്ചു. പ്രാരംഭ നടപടിക്രമം പൂര്‍ത്തിയാക്കിയുള്ള റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്പതിന് ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരിയും ഡോ.ബൈജു ജൂലിയാനും വത്തിക്കാനില്‍ തിരുസംഘത്തിനു കൈമാറി. തുടര്‍ന്നാണ് വത്തിക്കാന്റെ അംഗീകാരം ലഭിച്ചത്. ഫെബ്രുവരി 24ന് കൊല്ലം രൂപത കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലി മധ്യേ ബിഷപ് ജെറോമിനെ ദൈവദാസനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

Comments

leave a reply

Related News